തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമഗ്ര മാറ്റത്തിൽ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനകൾ.
പിണറായി സർക്കാരുകളുടെ 10 വർഷത്തെ ഭരണത്തിൽ കോണ്‍ഗ്രസുകാരായ ജീവനക്കാരെ ദ്രോഹിച്ച ഐഎഎസ് ഉദ്യോഗസ്ഥരെത്തന്നെയാണ് നേരിയ കസേരമാറ്റത്തിലൂടെ സർക്കാരിന്റെ സുപ്രധാന തസ്തികകളിൽ ഇപ്പോൾ നിയമിച്ചതെന്നാണു വിമർശനം.
പിണറായി സർക്കാരിന്റെ എല്ലാ ക്രമക്കേടുകൾക്കും കൂട്ടുനിന്ന മുതിർന്ന ഉദ്യോഗസ്ഥനെത്തന്നെയാണ് ഇപ്പോഴും സുപ്രധാന തസ്തികകളിൽ നിയമിച്ചതെന്നാണു പ്രധാന വിമർശനം. പുതിയ സർക്കാർ എത്തിയിട്ടും എല്ലാ വകുപ്പുകളിലും മന്ത്രിമാരുടെ ഭരണമല്ല, ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നാണു പ്രധാന വിമർശനം.
കോണ്‍ഗ്രസുകാരെ തെരഞ്ഞുപിടിച്ചു സ്ഥലംമാറ്റുകയും അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്ത മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഇപ്പോൾ വഹിക്കുന്ന തസ്തികയ്ക്കു പുറമേ അധിക ചുമതല നൽകിയതിലും പ്രതിഷേധമുണ്ട്. പിണറായി സർക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കാനായി വിവിധ ജില്ലകളിലേക്കു മാറ്റിയ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരെ ഇതുവരെ സെക്രട്ടേറിയറ്റിൽ തിരികെയെത്തിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവുമുണ്ട്.
സംസ്ഥാനത്തു മന്ത്രിമാരുടെ ഭരണപരിചയക്കുറവു മുതലെടുത്ത് വകുപ്പുകളുടെ പൂർണഭരണം ഐഎഎസ് ലോബിയുടെ കൈവശമാണെന്ന വിമർശനവും ഉയരുന്നു. സുപ്രധാന തീരുമാനങ്ങളിൽ പലതും ഐഎഎസ് ഉദ്യോഗസ്ഥരാണു സ്വീകരിക്കുന്നത്.
പിണറായി സർക്കാരിനെതിരേ പടപൊരുതിയ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും പോലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കാൻ അവസാന നിമിഷമെങ്കിലും കഴിഞ്ഞതു മാത്രമാണു നേട്ടമായി കരുതുന്നത്.
സർക്കാരിന്റെ ആദ്യദിവസങ്ങളിൽ ഏതാനും കളക്ടർമാർ അടക്കമുള്ളവരുടെ മാറ്റത്തിനു ശേഷം തിങ്കളാഴ്ച രാത്രിയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണി പട്ടിക പുറത്തിറക്കിയത്. സർക്കാരിന്റെ മാറ്റത്തിനു ശേഷം പുറത്തിറങ്ങിയ ഐഎഎസുകാരുടെ അഴിച്ചുപണിയെ ഏറെ പ്രതീക്ഷയോടെയാണു ജീവനക്കാർ കണ്ടിരുന്നത്. എന്നാൽ, 49 ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണി പട്ടിക വന്നതോടെ കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനകൾ കടുത്ത നിരാശയിലാകുകയായിരുന്നു.